തിരുവനന്തപുരം : പ്രീമിയം കൗണ്ടറുകളിൽ മദ്യ വിൽപ്പന ഡിജിറ്റൈസ് ചെയ്യാൻ ബെവ്കോ . യുപിഐ, കാർഡ് പേയ്മെന്റുകൾ വഴി മദ്യ വിൽപ്പന നടത്താനാണ് ബെവ്കോ തീരുമാനിച്ചിരിക്കുന്നത് . കറൻസി എക്സ്ചേഞ്ച് ഒഴിവാക്കുന്നത് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് മാനേജ്മെന്റ് പറയുന്നു. ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ലെന്നാണ് റിപ്പോർട്ട്.
ഉത്തരവ് നടപ്പാക്കണമെന്ന നിർദശം എല്ലാ ജില്ലകളിലേക്കും കൈമാറിയിട്ടുണ്ട്. കർശനമായി നടപ്പാക്കണമെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്. ഡിജിറ്റൽവൽക്കരണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായാണ് തീരുമാനമെന്നാണ് ബെവ്കോ അധികൃതരുടെ വിശദീകരണം.
എന്നാൽ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചു. സാങ്കേതിക തകരാറുകൾ, നെറ്റ്വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകൾ പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ കാരണം കൗണ്ടറുകളിൽ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്ന് ജീവനക്കാർ പറയുന്നു.
മദ്യം വാങ്ങാനെത്തുന്നവരിൽ നല്ലൊരു ശതമാനവും സാധാരണഗതിയിൽ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവരാണ്. ഗൂഗിള്‍ പേയും കാർഡുവഴിയും ബെവ്കോ ഔട്ട്ലറ്റുകളില് ഇടപാട് നടത്തുന്നവർ, ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ഇതിൽ തെളിയുമെന്നതിനാൽ മദ്യം വാങ്ങാനെത്തുന്നവർക്കും പരാതിയുണ്ടാകാൻ സാധ്യതയുണ്ട്.

