കൊച്ചി: ഫേസ് ക്രീം മാറ്റി വച്ചതിന് അമ്മയുടെ വാരിയെല്ല് ഒടിച്ച നിവ്യ കൊലപാതക കേസിലും കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ്. 2020 ൽ നെട്ടൂരിൽ ഫഹദ് ഹുസൈൻ എന്നയാളുടെ കൊലപാതകം, മൂന്നര കിലോ കഞ്ചാവ് പിടികൂടൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കേസുകളിലും നിവ്യ പ്രതിയാണ്. നിവ്യയെ റൗഡി പട്ടികയിൽ ഉൾപ്പെടുത്തി കാപ്പ ചുമത്താനാണ് പോലീസ് ആലോചിക്കുന്നത്.
അതേസമയം, നിവ്യയുടെ അഞ്ച് വയസ്സുള്ള മകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ നിവ്യയുടെ അമ്മ സരസുവിനെ ആറ് മാസം വിശ്രമിക്കാൻ ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണിത്. ഫെയ്സ് ക്രീം മാറ്റിവെച്ചതിനല്ല, പണത്തർക്കത്തിന്റെ പേരിലാണ് നിവ്യ അമ്മയെ ആക്രമിച്ചതെന്ന് റിപ്പോർട്ട്.
കഴിഞ്ഞ പത്ത് വർഷമായി സരസുവും കുടുംബവും പനങ്ങാട്ട് താമസിക്കുന്നു. വീട്ടുജോലി ചെയ്താണ് അവർ നിവ്യയെയും മൂത്ത മകളെയും വളർത്തിയത്. നിവ്യയ്ക്ക് 20 വയസ്സ് തികഞ്ഞപ്പോൾ കഞ്ചാവ് വിൽപ്പന സംഘത്തിൽ ചേരുകയായിരുന്നു . അതിനിടയിൽ, നിവ്യ വിവാഹിതയായി, വൈകാതെ ഇവർ വേർപിരിഞ്ഞു. കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് യുവതി അമ്മയെ ആക്രമിച്ചത്.
ജനുവരി 19 നാണ് കേസുമായി ബന്ധപ്പെട്ട സംഭവം . നിവ്യ സരസുവിന്റെ കഴുത്തിൽ പിടിച്ച് കമ്പിവടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു . സംഭവത്തിന് ശേഷം അടുത്ത ദിവസം സരസു പോലീസിൽ പരാതി നൽകി. ഇതോടെ നിവ്യ വയനാട്ടിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്ന് പനങ്ങാട് പോലീസാണ് നിവ്യയെ അറസ്റ്റ് ചെയ്തത്.

