തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫിനേറ്റ തിരിച്ചടിയെത്തുടർന്ന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു . മേയറുടെ ഭരണപരമായ പിഴവുകളാണ് തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് സോഷ്യൽ മീഡിയയിലും ആരോപണങ്ങൾ ഉയർന്നിരുന്നു. മുൻ വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവും ആര്യയുടെ ഭരണത്തിലെ പിഴവുകളെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇപ്പോൾ ആര്യ തന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ‘ഒരു ഇഞ്ച് പിന്നോട്ടല്ല’ എന്നാണ് ആര്യയുടെ വാട്സാപ്പ് സ്റ്റാറ്റസ്.
ഗായത്രി ബാബു ആര്യയെ പേര് പരാമർശിക്കാതെയാണ് വിമർശിച്ചത്. പാർട്ടിയെക്കാൾ വലുതാണെന്ന് നടിച്ചുവെന്നും കരിയർ ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഓഫീസ് കോക്കസാക്കി മാറ്റിയെന്നും ഗായത്രി ബാബു ഫേസ്ബുക്കിൽ എഴുതിയിരുന്നു. “താഴ്ന്ന അധികാര സ്ഥാനത്തുള്ളവരോടുള്ള അവജ്ഞയും ഉന്നത സ്ഥാനത്തുള്ളവരെ കാണുമ്പോൾ മാത്രം കാണിക്കുന്ന അങ്ങേയറ്റത്തെ വിനയവും ഒഴിവാക്കി, കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയമെടുത്തിരുന്നെങ്കിൽ, തങ്ങളെ കാണാൻ വരുന്ന ആളുകളെ കാണാൻ അവർ തയ്യാറായിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാൻ അവർ പരിഗണന കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം കെട്ടിപ്പടുത്തിരുന്നെങ്കിൽ, തിരിച്ചടി ഇത്ര രൂക്ഷമാകുമായിരുന്നില്ല,” ഗായത്രി ബാബു കുറിച്ചിരുന്നു.
ആര്യ രാജേന്ദ്രന്റെ കൗൺസിലിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായിരുന്നു ഗായത്രി ബാബു. വിവാദമായതിനെത്തുടർന്ന് ഗായത്രി പോസ്റ്റ് പിൻവലിച്ചു. അതേസമയം, ആര്യയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മന്ത്രി വി ശിവൻകുട്ടി മറുപടി നൽകിയിരുന്നു. കോർപ്പറേഷനിലെ പരാജയത്തിന് ആര്യയെ ആരും കുറ്റപ്പെടുത്താൻ ശ്രമിക്കരുതെന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. തിരുവനന്തപുരത്തെ ആര്യയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

