കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജനും , സംസ്ഥാനസമിതിയംഗം ടി വി രാജേഷും, ശ്യാംജിത്തും കുറ്റവിമുക്തർ . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണ് ശ്യാം ജിത്ത് .കേസിൽ 13 പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറയുന്നത് .
എറണാകുളത്തെ പ്രത്യേക സിബി ഐ കോടതിയുടേതാണ് വിധി . യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട് 14 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത് .ജയരാജനും , രാജേഷും ഉൾപ്പെടെ 33 സിപിഎം പ്രവർത്തകരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത് . ഇതിൽ രണ്ട് പേർ നേരത്തെ മരണപ്പെട്ടിരുന്നു. കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ജയരാജൻ. രാജേഷ് മുപ്പത്തി മൂന്നാം പ്രതിയും. ഇരുവരും ഗൂഢാലോചനക്കേസിൽ പ്രതികൾ എന്ന നിലയിലാണ് പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നത് .
സുമേഷാണ് കേസിൽ ഒന്നാം പ്രതി . പി ഗണേശൻ , അനൂപ്, വിജേഷ്, കെ പ്രകാശൻ എന്നിവരാണ് അഞ്ച് വരെയുള്ള പ്രതികൾ . കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെടുന്നത് . പി ജയരാജനെയും , ടിവി രാജേഷിനെയും ആക്രമിച്ചതിന്റെ പേരിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ് . ഷുക്കൂറിനെയും , സുഹൃത്തുക്കളെയും രണ്ടരമണിക്കൂറോളം തടഞ്ഞു വയ്ക്കുകയും മൊബൈൽ ഫോൺ വഴി ചിത്രങ്ങൾ അയച്ച് ആളെ ഉറപ്പ് വരുത്തിയ ശേഷമാണ് ‘ സ്വന്തം നിലയിൽ വിചാരണ ‘ നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ് .

