മുംബൈ ; അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ താവളമായിരുന്ന ഭെണ്ടി ബസാറിലെ മുസാഫിർ ഖാന കെട്ടിടത്തിനെതിരെ ബുൾഡോസർ നടപടി. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കെട്ടിടം പൊളിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. സംഭവസ്ഥലത്ത് കനത്ത പൊലീസ് സന്നാഹവുമുണ്ട്.
കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും , ബുൾഡോസർ നടപടികൾ സമാധാനനപരമായി നടക്കുകയാണേന്നും മുംബൈ ഡിസിപി മനീഷ് കൽവാനിയ പറഞ്ഞു.സ്ഥലത്ത് ആവശ്യമായ എല്ലാ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഞ്ചിനീയറിംഗ് വിഭാഗവും , മറ്റ് അനുബന്ധ യൂണിറ്റുകളും ഉൾപ്പെടെ സർവ്വ സജ്ജമായി ബി എം സി രംഗത്തുണ്ട് . നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ബിഎം സി നോട്ടീസ് നൽകിയതിനെ തുടർന്നാണ് നടപടി. അതേസമയം കെട്ടിടം പൊളിക്കരുതെന്ന നിലപാടുമായി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം നേതാവ് വാരിസ് പത്താൻ രംഗത്തുണ്ട്.
കെട്ടിടം സംരക്ഷിക്കാനായി നിയമനടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും പത്താൻ പറഞ്ഞു.മത പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്തതായും പ്രദേശത്ത് പ്രവർത്തിക്കുന്ന ഡെവലപ്പർമാരായ സൈഫീ ബുർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും പത്താൻ പറഞ്ഞു.

