മുള്ളിംഗർ: ചികിത്സാ പിഴവിനെ തുടർന്ന് രണ്ട് വയസ്സുകാരി മരിച്ച സംഭവത്തിൽ രക്ഷിതാക്കളോട് ക്ഷമാപണം നടത്തി മുള്ളിംഗർ റീജിയണൽ ആശുപത്രി. ഹൈക്കോടതിയിൽ ആയിരുന്നു ക്ഷമാപണം നടത്തിയത്. കുട്ടിയെ ക്രംലിനിലെ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റാൻ മടിച്ചതാണ് മരണത്തിന് കാരണമായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് ആശുപത്രി ക്ഷമാപണം നടത്തിയത്.
2023 ൽ ആയിരുന്നു രണ്ട് വയസ്സുകാരിയുടെ മരണം. വൈറൽ രോഗമായ ആർഎസ്വിയെ തുടർന്നായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് കുട്ടിയുടെ ആരോഗ്യനില വഷളാകുകയും ഹൃദയത്തിന് തകരാർ സംഭവിക്കുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ ശരിയായി നിരീക്ഷിക്കുന്നതിൽ ആശുപത്രി വീഴചവരുത്തി. ഇതിന് പുറമേ ഇസിജി പരിശോധിക്കുന്നതിൽ കാലതാമസവും വരുത്തി. ഇതെല്ലാം ശരിയായ ചികിത്സ നൽകുന്നതിനും കുട്ടിയെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിലേക്ക് മാറ്റുന്നതിനും താമസമുണ്ടാക്കി. ആരോഗ്യനില വഷളായതോടെ പിറ്റേ ദിവസം കുട്ടിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.

