തിരുവനന്തപുരം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാക്ക് തർക്കം . ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവുമായാണ് വാക്കു തർക്കമുണ്ടായത്. ശാസ്തമംഗലത്ത് റോഡിന്റെ മധ്യത്ത് 15 മിനിറ്റോളം ഇരുവരും തമ്മിൽ തർക്കമുണ്ടായി.
മാധവ് ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്നു. വിനോദ് എതിർദിശയിൽ നിന്നാണ് വന്നത്. യു-ടേൺ എടുക്കുന്നതിനിടെ വാഹനങ്ങൾ നേർക്കുനേർ വന്നു. ഇതാണ് തർക്കത്തിനിടയാക്കിയത് . വിനോദ് കൃഷ്ണ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് മ്യൂസിയം പോലീസ് സ്ഥലത്തെത്തി.അതിനിടെ മാധവ് തന്റെ വാഹനത്തിൽ അടിച്ചുവെന്നും വിനോദ് പറഞ്ഞു. എന്നാൽ തന്റെ വാഹനത്തിൽ അടിച്ചതുകൊണ്ടാണ് താൻ തിരിച്ചു ചെയ്തതെന്ന് മാധവും പൊലീസിനോട് പറഞ്ഞു.
മാധവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും പരാതിയുണ്ടെന്നും വിനോദ് പോലീസിനോട് പറഞ്ഞു. ഇതോടെ മാധവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബ്രെത്ത്അലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മാധവ് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിനിടെ മാധവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. പിന്നീട് സ്റ്റേഷനില്‍ വച്ച് സംസാരിച്ച് കേസില്ല എന്ന ധാരണയില്‍ പിരിയുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണയ്ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു.

