പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തനിക്ക് രണ്ട് കോടി നൽകിയെന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ ഉടമ എൻ.എം. രാജുവിന്റെ വാക്കുകൾ അംഗീകരിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി . പണം കടമായാണ് നൽകിയതെന്നും , ഇതുവരെ പൂർണ്ണമായും മടക്കി നൽകിയില്ലെന്നും 20 ലക്ഷം മാത്രമാണ് നൽകിയതെന്നുമാണ് രാജു പറഞ്ഞത് .
‘ രാജു എന്നെ സഹായിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം ഒരു യു.ഡി.എഫ് നേതാവായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അത്തരം സഹായം ലഭിക്കാതെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും നിലനിൽക്കാനാവില്ല. കാരണം കോൺഗ്രസിന് പണമില്ല .
രാജു എന്നെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം അദ്ദേഹം പണം തിരികെ ചോദിച്ചു. പണം തിരികെ നൽകി. അദ്ദേഹം എന്നെ മാത്രമല്ല, സി.പി.എമ്മിനെയും സഹായിച്ചിട്ടുണ്ട്. രണ്ട് കോടിയെക്കുറിച്ച് എനിക്കറിയില്ല. ഇടതുമുന്നണിയുടെ സമ്മർദ്ദം കാരണം രാജുവിന് എന്തെങ്കിലും ആരോപണങ്ങളുണ്ടെങ്കിൽ, അദ്ദേഹം നിയമനടപടി സ്വീകരിക്കട്ടെ.
തെറ്റായ പ്രചാരണങ്ങൾ കൊണ്ട് അദ്ദേഹം എവിടെ വരെ പോകും . എല്ലാ തിരഞ്ഞെടുപ്പുകളിലും പലരും സഹായിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് രാജുവിൽ നിന്ന് സഹായമായി പണം സ്വീകരിച്ചു. ലഭിച്ച പണത്തിന്റെ കണക്ക് നൽകുകയും തിരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായ കണക്ക് നൽകുകയും ചെയ്തിട്ടുണ്ട്.എത്ര തുക കിട്ടിയെന്ന് നിയമ പോരാട്ടത്തിന്റെ സമയത്ത് പറയും. ഇത് കള്ള ആരോപണമാണ്. പക്ഷേ ആരോപണം ദയനീയമായി പരാജയപ്പെട്ടു ,’ ആന്റോ ആന്റണി പറഞ്ഞു.
എന്നാൽ രണ്ട് മാസത്തിനുള്ളിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് കോടി രൂപ കടം വാങ്ങിയെങ്കിലും ഏഴ് വർഷത്തിന് ശേഷവും അദ്ദേഹം 20 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂവെന്നാണ് എൻ എം രാജു ആരോപിക്കുന്നത്.
‘ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിയും ഭാര്യയും ഓഫീസിലും വീട്ടിലും പലതവണ പണം ആവശ്യപ്പെട്ട് വന്നിരുന്നു. പ്രചാരണ ആവശ്യങ്ങൾക്കായി രണ്ട് കോടി രൂപ പലിശയ്ക്ക് നൽകി. രണ്ട് മാസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു, പക്ഷേ ഏഴ് വർഷത്തിനുശേഷവും മുഴുവൻ പണവും നൽകിയില്ല. യാതൊരു ജാമ്യവുമില്ലാതെയാണ് പണം നൽകിയത്. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ഓഫീസ് അക്കൗണ്ട് വഴിയാണ് ഈ പണം നൽകിയത്. നിക്ഷേപകരുടെ പണമായിരുന്നു അത്. ഇഡിയെയും ക്രൈംബ്രാഞ്ചിനെയും ഇത് അറിയിച്ചു. സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ, എന്റെ മകളെയും കൂട്ടി എംപിയുടെ വീട്ടിൽ പോയി പണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. പണത്തിനായി പലതവണ അദ്ദേഹത്തെ സമീപിച്ചിരുന്നു . പണം തിരികെ ലഭിക്കാൻ വേണ്ടി ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. ഇപ്പോൾ ഇക്കാര്യം പരസ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു ‘ എന്നും രാജു പറഞ്ഞു.
മാത്രമല്ല ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്റെ സ്ഥാപനത്തിൽ 2.5 കോടി രൂപ നിക്ഷേപിച്ചുവെന്നത് വെറും ആരോപണം മാത്രമാണെന്നും തന്ത്രിയെയോ കുടുംബത്തെയോ കണ്ടിട്ടില്ലെന്നും രാജു പറഞ്ഞു. തന്റെ സ്ഥാപനത്തിലും വീട്ടിലും റെയ്ഡ് നടത്തിയ ഇഡിയോട് താൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും രാജു വ്യക്തമാക്കി.

