കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ്. കൊച്ചിയിലാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ് .പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും, നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയിൽ നിന്നെടുത്ത സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
2024-ൽ കേരളത്തിൽ 38 അമീബിക് എൻസെഫലൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എട്ട് പേർ മരണപ്പെട്ടു . 2025-ലും സ്ഥിതി സമാനമാണ്. മാത്രമല്ല, രോഗത്തിന്റെ പുതിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ഗണ്യമായി വർദ്ധിക്കുകയാണെന്നാണ് സൂചന . സംസ്ഥാനത്ത് ഇതുവരെ 144 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, അതിൽ 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
അമീബ ജനുസ്സിൽ പെട്ട നീഗ്ലേരിയ ഫൗളേരി തലച്ചോറിൽ ബാധിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് അമീബ എൻസെഫലൈറ്റിസ്. . ഇത് തലച്ചോറിനെ വേഗത്തിൽ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ മുങ്ങുകയോ ചെയ്യുന്നവരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്.

