കൊച്ചി : സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്ന് മരിച്ച ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു . ശനിയാഴ്ച രാവിലെയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത് . സിക്കിമിൽ ജലവൈദ്യുത പദ്ധതിക്കായി നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തിങ്കളാഴ്ചയാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൃതദേഹം റോഡ് മാർഗം കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. നോർക്കയുടെ ഇടപെടലോടെ വിമാനത്താവളത്തിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ മൃതദേഹം എംബാം ചെയ്തു. ശനിയാഴ്ച രാവിലെ 7.30 ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. പിന്നീട് നോർക്ക ഒരുക്കിയ ആംബുലൻസിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് മൃതദേഹം സംസ്കരിക്കും.
എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരായിരുന്നു അനീഷ്.തുരങ്കനിർമ്മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം , ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അനീഷ്.പാറയ്ക്കകത്തെ മീഥൈൻ വാതകം ചോർന്നത് മൂലമുള്ള സ്ഫോടനത്തിലാണ് തുരങ്കം തകർന്നത് . തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും, പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

