തിരുവനന്തപുരം : ബിജെപിയ്ക്ക് പുതിയ സംസ്ഥാന കാര്യാലയം . മാരാർ ഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കാര്യാലയത്തിനു മുന്നിലെ കൂറ്റൻ കൊടിമരത്തിൽ പാർട്ടി കൊടി ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കമിട്ടത്. കെട്ടിടത്തിന് മുന്നിൽ കണിക്കൊന്ന തൈ നട്ടു . പുതിയ കെട്ടിടത്തിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന കെ ജി മാരാറിന്റെ വെങ്കല അർദ്ധപ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
കാര്യാലയത്തിലെ മുഖ്യകവാടത്തിലെ നാട മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ച അമിത് ഷാ പണ്ഡിറ്റ് ദീനദയാൽജിയുടെയും ഡോ. ശ്യാമപ്രസാദ് മുഖർജിയുടെയും പ്രതിമയിൽ അർച്ചനയും ഹാരാർപ്പണവും നടത്തി. കെ.ജി. മാരാരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുതിർന്ന നേതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഓഫീസിലെ അഞ്ചുനിലകളിലും കയറിയിറങ്ങി സംവിധാനങ്ങളും ഒരുക്കങ്ങളും അവലോകനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം, പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡ് തല നേതൃയോഗത്തിൽ അമിത് ഷാ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം, ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും. അവിടെ കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യും.തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4 മണിക്ക് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും, അവിടെ അദ്ദേഹം തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കുകയും തുടർന്ന് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. കണ്ണൂരിൽ എത്തുന്നതിന് മുന്നോടിയായി, ജില്ലാ കളക്ടർ വിമാനത്താവളത്തിന് ചുറ്റുമുള്ള അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ എന്നിവ ഉപയോഗിക്കുന്നത് മൂന്ന് ദിവസത്തേക്ക് നിരോധിച്ചു.

