കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ഓമശ്ശേരി സ്വദേശിയായ കുഞ്ഞ് നിലവിൽ വെന്റിലേറ്ററിലാണ് . രോഗ ലക്ഷണങ്ങളോടെ 14 ദിവസം മുമ്പാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടം എന്ന് കണ്ടെത്തി. ഈ കിണർ പൂർണ്ണമായും വറ്റിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പ്രദേശത്തെ എല്ലാ കിണറുകളിലും ക്ലോറിനേറ്റ് ചെയ്യാനും നിർദ്ദേശം നൽകി. ഇന്നലെ രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 40 വയസ്സുകാരനും മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനും, നാൽപ്പതുകാരനും അണുബാധ സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ ചണ്ഡീഗഡിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി സ്വദേശിയായ അനയ എന്ന ഒൻപതുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. അതുകൊണ്ട് തന്നെ പരിസരത്തെ ജലാശയങ്ങളിൽ കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശുദ്ധജലത്തിലും തടാകങ്ങളിലും നദികളിലും കാണപ്പെടുന്ന സ്വതന്ത്രമായി ജീവിക്കുന്ന അമീബകൾ മൂലമുണ്ടാകുന്ന അമീബ അണുബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം . രോഗകാരികൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത സ്തരത്തിലെ സുഷിരങ്ങളിലൂടെയോ കർണപടലത്തിലെ ദ്വാരത്തിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്ക് ഉള്ള രോഗമാണിത്.

