ആലപ്പുഴ : കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന.
മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ എറണാകുളത്ത് നടക്കും. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 12 മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ടൗൺ ജുമ മസ്ജിദിലാണ് മുഹമ്മദ് ഇബ്രാഹിമിൻ്റെ സംസ്കാരം.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്.
മഴയില്‍ തെന്നിനീങ്ങിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്വിന് ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന് മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.