തിരുവനന്തപുരം ; അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത മേനോന്റെ മൃതദേഹം കേരളത്തിലെത്തിച്ചു . മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ , സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി , സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.
രാവിലെ 10 മണിയോടെ മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. പൊതുദർശനം നടക്കുന്ന സ്കൂളിനു പുറത്ത് ഗതാഗത തടസം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി പുല്ലാട് വ്യാപാരികൾ കടകൾ അടച്ചിട്ടു. ഇന്ന് വൈകിട്ട് 4. 30 ന് വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക .
എട്ട് മാസമായി ബ്രിട്ടനിൽ നേഴ്സായിരുന്നു രഞ്ജിത . അമ്മയ്ക്കും , മകനും, മകൾക്കുമൊപ്പമായിരുന്നു താമസം . നാട്ടിൽ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി എത്തി മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം . ജൂൺ 12 നാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നു വീണത് . 250 ഓളം പേരാണ് അപകടത്തിൽ മരണപ്പെട്ടത്.

