കൊച്ചി : ലയണൽ മെസിയുടെ വരെ സ്വർണ്ണം മോഷ്ടിക്കുന്നവരാണ് എൽ ഡി എഫെന്ന് നടൻ സലിം കുമാർ . യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിയെ കോമാളിയെന്ന് വിളിച്ച് പരിഹസിച്ച തോമസ് ഐസക്കിനെയും സലിം കുമാർ വിമർശിച്ചു. ഉന്നത വിദ്യാഭ്യാസവും, രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരാളിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചിരുന്നില്ല. കയറുപിരിയിലാണ് അദ്ദേഹത്തിന് ഡിഗ്രി.കലാകാരന്മാരെ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥമുഖമാണ് ഇതുവഴി പുറത്തു വന്നതെന്നും സലിം കുമാർ പറഞ്ഞു.
അഞ്ചാറ് മാസം മുൻപ് ഒരു മുഖ്യമന്ത്രിയുടെ വാർത്താസമ്മൃളം കണ്ടു. അദ്ദേഹത്തിന്റെ ബന്ധുവാണോ, സുഹൃത്താണോയെന്ന് ഞാൻ മറന്നു പോയി. സുഹൃത്തിന്റെ മകൻ അമേരിക്കയിൽ നിന്ന് വന്നു. കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു ‘ ‘കേരളം ഇത് എന്തൊരുമാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’. അപ്പോ എനിക്ക് സംശയം തോന്നി ആരായിരിക്കും ആ പയ്യൻ , എവിടെയാകും ആ പയ്യൻ അങ്ങനെ ഞാൻ ആ പയ്യനെ അന്വേഷിച്ചു ചെന്നു.
ഒടുവിൽ ഞാൻ അവനെ കണ്ടു . നമ്മുടെ ഊളമ്പാറ മാനസികാശുപത്രിയിൽ ആയിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു . എന്താ ഇവിടെ കൊണ്ട് കിടത്തിയത് . അല്ല സലീമിന് അറിയാമല്ലോ, രണ്ടുമൂന്ന് പ്രാവശ്യം സലീം അമേരിക്കയിൽ വന്നതല്ലേ. അപ്പോ ഈ കേരളം കണ്ട് അമേരിക്ക എന്ന് പറയുമ്പോൾ തന്നെ അവന് കുഴപ്പമുണ്ട് എന്ന് മനസ്സിലായില്ലേ.കറന്റ് ഒക്കെ അടിപ്പിച്ചു ആൾ തിരിച്ച് പോയി.
അങ്ങനെ ഓരോ ദിവസവും ഓരോ തള്ളാണ്. മെസി വരുമെന്നായിരുന്നു കായികമന്ത്രിയുടെ തള്ള്. ഞാൻ മെസിയോട് ചോദിച്ചു ,നിങ്ങൾ ആന്ധ്രാപ്രദേശിൽ വന്നു, ഹൈദരാബാദിൽ വന്നു.ഞങ്ങളുടെ കേരളത്തിൽ വരാത്തത് എന്തുകൊണ്ടാണ്. അപ്പോ അദ്ദേഹം എന്നോടു പറഞ്ഞു, ചേട്ടാ എന്നോട് വേറൊന്നും തോന്നരുത്. കേരളത്തിലുള്ളവരോട് ഒരു ദേഷ്യവുമില്ല , എനിക്ക് എട്ട് ബലോൻ ദ് ഓർ പുരസ്കാരം ഉണ്ട്. ബലോൻ ദ് ഓർ പുരസ്കാരം അറിയാമല്ലോ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്ക് കൊടുക്കുന്ന പുരസ്കാരമാണത്. അത് എട്ടും സ്വർണ്ണ പന്തുകളാണ്, അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ ബലോൻ ദ് ഓർ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യാൻ ചേട്ടാ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.‘ – എന്നും സലീം കുമാർ പരിഹസിച്ചു.

