തൃശൂർ : കാപ്പ തടവുകാരനായി കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് ജയിൽ ലൈബ്രറി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു . ഈശ്വര നാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ . പ്രവേശനം മേയർക്കും ചുരുക്കം ചില ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, സുഗതനെ ജയിൽ സെല്ലിലേക്ക് തിരികെ കൊണ്ടുപോയി.സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ വച്ച് ജനപ്രതിനിധി സത്യപ്രതിജ്ഞ ചെയ്യുന്നത് .
വാഴോട്ടുകോണം ഡിവിഷനെ പ്രതിനിധീകരിക്കുന്ന സുഗതന് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ചടങ്ങ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി തടങ്കലിൽ ആയതുകൊണ്ട് മാത്രം “വോട്ടർമാരുടെ ജനാധിപത്യ വിധിയെ പരാജയപ്പെടുത്താൻ കഴിയില്ല” എന്ന് കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം ജയിലിനുള്ളിൽ നടന്ന സത്യപ്രതിജ്ഞയെ വിമർശിച്ച് കോൺഗ്രസും, സിപിഎമ്മും രംഗത്തെത്തി. തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണം ആദ്യമായി പിടിച്ചെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച ബിജെപിക്ക് ഇത് “നാണക്കേടാണ്” എന്നാണ് വിമർശനം.
ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ എടുത്ത സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ജയിലിൽ സൗകര്യമൊരുക്കിയത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ സുഗതനെതിരെ കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഭീഷണി, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെട്ട 19 ക്രിമിനൽ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
നേരത്തെ സത്യപ്രതിജ്ഞയ്ക്കായി സുഗതന് നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊലപാതക ശ്രമ കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം ലഭിച്ചത്.എന്നാൽ കാപ്പ കൂടി ചുമത്തിയതിനാലാണ് ഹൈക്കോടതിയുടെ അനുമതി തേടിയത്.

