ആലപ്പുഴ : നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. തലയിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ആലപ്പുഴയിലെ പുന്നപ്ര സ്വദേശിയാണ് അപ്പച്ചൻ . എൽ ഐ സി ചീഫ് ഏജന്റായിരുന്നു.
1965 ൽ സത്യൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം അംഗീകാരം നേടിയത്. അതിൽ തൊഴിലാളി നേതാവിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു, തുടർന്ന് അടൂരിന്റെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. തന്റെ നീണ്ട കരിയറിൽ, മലയാള സിനിമയിലെ മിക്കവാറും എല്ലാ പ്രധാന സൂപ്പർസ്റ്റാറുകൾക്കൊപ്പവും പുന്നപ്ര അപ്പച്ചൻ അഭിനയിച്ചു. വില്ലൻ, സ്വഭാവ നടൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു. കന്യാകുമാരി, നക്ഷത്രങ്ങളേ കാവൽ, ഇവർ, ഓപ്പോൾ, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരൻ, പിൻഗാമി എന്നിവ ശ്രദ്ധേയങ്ങളാണ്.

