കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരന്റെ പണം കവർന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. 40 ലക്ഷം രൂപയുമായി രക്ഷപ്പെട്ട ഷിബിൻ ലാൽ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കാലിക്കറ്റ് സർവകലാശാലാ പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി തൃശൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഷിബിൻ ലാലിനെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം, മോഷ്ടിച്ച പണം കണ്ടെടുത്തിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പന്തീരാങ്കാവിലാണ് സംഭവം.
ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽ നിന്നാണ് ഷിബിൻ ലാൽ പണമടങ്ങിയ കറുത്ത ബാഗ് തട്ടിയെടുത്തത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസിന് മുന്നിലാണ് സംഭവം. അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണ്ണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും ഇതിനായി 40 ലക്ഷം രൂപ ആവശ്യമാണെന്നും പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഷിബിൻ ലാൽ പണം തട്ടിയത്. ഈ പണത്തിന് സുരക്ഷ ഒരുക്കാൻ ഇസാഫിലെ എട്ട് ബാങ്ക് ജീവനക്കാർ ഷിബിനോടൊപ്പം ഒരു കാറിലും ഓട്ടോയിലുമായി എത്തി.
കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപം അവർ വാഹനങ്ങൾ പാർക്ക് ചെയ്തപ്പോൾ അവരിൽ രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിൽ തന്നോടൊപ്പം എല്ലാവരും വരരുതെന്ന് ഷിബിൻ ലാൽ ആവശ്യപ്പെട്ടതോടെ മറ്റുള്ളവർ കാറിൽ തന്നെ ഇരുന്നു. രണ്ടുപേർ ബാഗുകളുമായി ഷിബിൻ ലാലിനൊപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ, ബാഗ് തട്ടിയെടുത്ത് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഷിബിൻ ലാൽ കയറി കടന്നുകളയുകയായിരുന്നു.

