തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികളെ മർദിച്ചുവെന്ന പരാതിയിൽ വിയ്യൂർ, പൂജപ്പുര ജയിലുകളിലെ സൂപ്രണ്ടുമാർ വീഡിയോ കോൺഫറൻസ് വഴി ഹാജരാകണമെന്ന് എൻഐഎ കോടതി .എൻഐഎ കേസിലെ പ്രതികളായ പിഎം മനോജിനെയും അസ്ഹറുദ്ദീനെയും ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് എൻഐഎ കോടതി ഉത്തരവിട്ടു.
ഒക്ടോബർ 13 നാണ് സംഭവം . സെല്ലിൽ പ്രവേശിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. ജയിൽ വാർഡൻ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തെത്തുടർന്ന്, ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു.
2022 ലെ കോയമ്പത്തൂർ കാർ സ്ഫോടന കേസിലും 2019 ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണ കേസിലും അസറുദ്ദീൻ പ്രതിയാണ്. 2019 ൽ എൻഐഎ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ ഐഎസ് ബന്ധവും തീവ്രവാദ റിക്രൂട്ട്മെന്റ് കേസും ചുമത്തി. ആഷിഖ് എന്നറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലൈയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 10 യുഎപിഎ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ് മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്ന മനോജ്.

