കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിനു പിന്നാലെ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് . പുക ശ്വസിച്ചല്ല മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നുവെന്നും,വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് .
ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിലെ യുപിഎസ് മുറിയിൽ നിന്ന് പുക വരുന്നുണ്ടായിരുന്നു. യുപിഎസ് മുറിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ മാത്രം 200 ലധികം രോഗികളെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. സംഭവം അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു
‘ ഫോറൻസിക് പരിശോധനയും സാങ്കേതിക പരിശോധനയും എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെറിയ പുക കണ്ടയുടൻ രോഗികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചു. പോലീസും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. സംഭവസമയത്ത് കളക്ടറും എംഎൽഎയും ആശുപത്രിയിലുണ്ടായിരുന്നു. എല്ലാവരുമായും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രോഗികളുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ആർക്കും ചികിത്സ നിഷേധിക്കില്ല. ഇതിനായി ഇടപെടൽ ഉണ്ടാകും. 37 രോഗികൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ അന്വേഷണത്തിനായി മറ്റൊരു മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം എത്തും,” മന്ത്രി പറഞ്ഞു.

