കോട്ടയം: തെള്ളകത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാറമ്പുഴ സ്വദേശി ജിബിൻ ജോർജാണ് ശ്യാം പ്രസാദിനെ ആക്രമിച്ചത്.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തെള്ളകത്തെ എം സി റോഡിനു സമീപത്തെ തട്ടുകടയിൽ എത്തിയ ജിബിൻ കടയുടമയുമായി തർക്കമുണ്ടായി. കടയുടമയെ ആക്രമിക്കാൻ ജിബിൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്യാം കടയിൽ എത്തുന്നത് . തുടർന്ന് ജിബിനോട് ഇനിയും പ്രശ്നമുണ്ടാക്കിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് ശ്യാം പറഞ്ഞു. തുടർന്ന് ജിബിൻ ശ്യാമിനെ ആക്രമിക്കുകയായിരുന്നു. താഴെ തള്ളിയിട്ട ശേഷം ശ്യാമിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടുകയും ചെയ്തു.
തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ജിബിനെ നൈറ്റ് പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് പിടികൂടിയത് . ഇതിനിടെ ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായ ശ്യാമിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെ മരിച്ചു.