കൊച്ചി : ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് . മുൻപും വാഹനം ഓടിച്ചിട്ടുണ്ടെന്നും , ബൈക്കുമായി സ്കൂളിൽ പോയിട്ടുണ്ടെന്നുമാണ് 17 കാരൻ നൽകിയ മൊഴി. കേസിൽ കുട്ടിയുടെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നത്.
17 കാരൻ നേരത്തെയും ബൈക്കടക്കമുള്ള വാഹനങ്ങൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. 17 കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ അടക്കം പരിശോധന നടത്തിയതിൽ നിന്നാണ് കുട്ടി ബൈക്കുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചത്. അപകടത്തിന് മുൻപും താൻ കാറും, ബൈക്കും ഓടിച്ചിട്ടുണ്ടെന്നും , പിതാവ് അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചതെന്നും , ബൈക്ക് ഓടിച്ചതെന്നുമാണ് 17 കാരൻ അന്വേഷക സംഘത്തോട് പറഞ്ഞത്.
മകൻ സ്ഥിരമായി ബൈക്കും കാറുമൊക്കെ ഓടിക്കുന്നയാളാണെങ്കിൽ അത് വീട്ടുകാർ ഏതെങ്കിലും തരത്തിൽ അറിഞ്ഞിട്ടുണ്ടാകും എന്ന നിലപാടിലാണ് പോലീസ്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളോടെ പൊലീസ് എസ് ബി ആർ കോടതിയിൽ സമർപ്പിക്കും .

