കാസര്‍കോട് ; പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയെയും, ഒപ്പമുണ്ടായിരുന്ന യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം 12 നാണ് പതിനഞ്ചുകാരിയെയും, 42 കാരനെയും കാണാതായത്. മൃതദേഹങ്ങൾ വീടിനു സമീപത്തെ തോട്ടത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത് .
പെൺകുട്ടിയെ കാണാതായപ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തിലും. പെൺകുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് മരിച്ച പ്രദീപ്. രണ്ട് പേരുടെയും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് മൊബൈൽ ഫോണുകളും, ഒരു കത്തിയും ഒരു ചോക്ലേറ്റും കണ്ടെത്തി.
ഫെബ്രുവരി 12 ന് പുലർച്ചെ ഉറക്കമുണർന്ന ഇളയകുട്ടിയാണ് ചേച്ചിയെ കാണുന്നില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. പ്രദീപിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലാക്കിയിരുന്നു. എന്നാൽ അവിടെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.