കൊച്ചി: കടയുടെ പൂട്ട് തല്ലിപൊളിച്ചു അകത്ത് കയറി 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന കടയിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണം പോയത് . കള്ളൻ കടയിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് . ആദ്യം തറ തുരന്ന് അകത്ത് കയറാൻ ശ്രമിച്ചെങ്കിലും അത് പാളിയതോടെ പൂട്ട് തല്ലിപൊളിച്ച് കയറുകയായിരുന്നു.
600 രൂപ വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ കവർന്നത് . വെളിച്ചെണ്ണയ്ക്ക് ശേഷം പത്ത് പായ്ക്കറ്റ് പാലും, ഒരു പെട്ടി ആപ്പിളും മോഷണം പോയി. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ക്ഷീണമകറ്റിയശേഷമാണ് കള്ളൻ കടയിൽ നിന്ന് പോയത്. മടങ്ങാൻ നേരം സിസിടിവി കണ്ടതോടെ അതിന്റെ കേബിളും മുറിച്ചു .
വെളിച്ചെണ്ണ വില റെക്കോർഡിലേയ്ക്ക് കുതിക്കുന്നതിനിടെയാണ് ഇത്തരം മോഷണം തുടർക്കഥയാകുന്നത് . ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് അംഗനവാടിയിൽ നിന്നും പാചകം ചെയ്യാനായി കരുതി വച്ചിരുന്ന അഞ്ച് ലിറ്റർ വെളിച്ചെണ്ണയും മോഷണം പോയിരുന്നു. ഓരോ ലീറ്ററിന്റെ 5 പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണയാണ് മോഷ്ടാവ് കവർന്നത്. ഇതിനൊപ്പം ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വിതരണത്തിന് എത്തിച്ച 2.5 കിലോ റാഗിപ്പൊടിയും 4 കിലോ ശർക്കരയും മോഷണംപോയി.

