പാലക്കാട് : സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് ഈ വർഷം 17 പേർ അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചു. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴ് പേർ മരിച്ചു. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ള 15 ൽ അധികം രോഗികളുണ്ട്.
വൈറസുകൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് അണുബാധ അല്ലെങ്കിൽ അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നത് .കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ മുങ്ങുകയോ ചെയ്യുന്നവരിലാണ് സാധാരണയായി ഈ രോഗം പിടിപെടുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത സ്തരത്തിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ ദ്വാരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കുന്നു. ഈ രോഗത്തിന്റെ മരണനിരക്ക് 97 ശതമാനത്തിലധികമാണ്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അണുബാധയുണ്ടായി അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

