തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുത്തിയിൽ മരണം 27 ആയി. കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേരെ കാണാതായി.താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ 2000 ലേറെ പേർ ക്യാമ്പുകളിലേയ്ക്ക് മാറി. 200ലേറെ വീടുകൾ തകർന്നു. ദേശീയപാതയിൽ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു.പാറയ്ക്കൽ കടവ് സ്വദേശികളായ ജോബി, അരുൺ സാം എന്നിവരാണ് മരിച്ചത് . വിഴിഞ്ഞത്ത് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപെട്ടു.കനത്ത മഴയിൽ നനയാതിരിക്കാൻ മുനമ്പത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനു സമീപം നിന്ന യുവതിയുടെ തലയിൽ ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെ മരിച്ചു.
എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇടുക്കി അടിമാലിയിൽ മഴയെ തുടർന്നുണ്ടായ അപകടത്തിൽ പാറത്തോട് പുത്തൻ പറമ്പിൽ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ തോട്ടിൽ വീണ് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.
വെള്ളക്കെട്ടിനെത്തുടർന്ന് കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളിൽ നിന്നും ഡിങ്കി ബോട്ടിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി ദുരിതമുണ്ടായി. കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകൾ തകർന്നു.
കണ്ണൂർ രാമന്തളി പാലക്കോട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പാലക്കോട് സ്വദേശി സുലൈമാൻ, ഇബ്രാഹിം എന്നിവരുടെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിൻറെ അടുക്കള ഭാഗം മുഴുവനായും മണ്ണുമൂടി. റെഡ് അലേർട്ട് ഉള്ള കാസർഗോഡ് ജില്ലയിൽ ശക്തമായ മഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. മൂളിയാറിൽ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

