പോത്തൻകോട്: തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടപ്പെട്ടു. വാവരമ്പലം എസ്.എസ്. മൻസിലിലെ ഷമീന ബീവിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ വീട് സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അവർ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ഷമീന വട്ടപ്പാറയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പോത്തൻകോട് ബസ് ടെർമിനലിൽ ഇറങ്ങിയ ശേഷം പച്ചക്കറി കടയിലേക്ക് കയറിയിരുന്നു . സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ആറ് വളകൾ, ഒരു മാല, രണ്ട് ജോഡി കമ്മലുകൾ, അഞ്ച് മോതിരങ്ങൾ എന്നിവയാണ് മോഷണം പോയ ആഭരണങ്ങൾ. ഹാൻഡ്ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ പഴ്സിനുള്ളിലായിരുന്നു ഇവ വച്ചിരുന്നത് .
എവിടെ വച്ചായാണ് മോഷണം നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. നെടുമങ്ങാട്, വട്ടപ്പാറ, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതികൾ നൽകിയിട്ടുണ്ട് . പോത്തൻകോട് പോലീസ് ഷമീന ബീവിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് കാരണം മോഷണ സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. വെള്ളിയാഴ്ച, കെഎസ്ആർടിസി ബസിൽ പോത്തൻകോട്ടിലെത്തിയ ഒരു യാത്രക്കാരന്റെ 90,000 രൂപ നഷ്ടപ്പെട്ടു. അദ്ദേഹം പോത്തൻകോട് പോലീസിൽ പരാതി നൽകി. യാത്രയ്ക്കിടെ നിരവധി സ്ത്രീകളുടെ ബാഗുകളിൽ നിന്ന് 2,000, 5,000, 4,000 എന്നിങ്ങനെ പണം നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.
തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോൾ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബാഗുകളിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളും പണവും സൂക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.

