കോഴിക്കോട്: അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 11 കാരി രോഗമുക്തയായി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടി ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി . കുട്ടി പൂർണ്ണമായും രോഗമുക്തയായതായി ആശുപത്രി അധികൃതർ അറിയിച്ചു.
വളരെ അപൂർവമായിരുന്ന അമീബിക് എൻസെഫലൈറ്റിസ് ഇപ്പോൾ കേരളത്തിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏറ്റവും കൂടുതൽ കേസുകൾ സെപ്റ്റംബറിൽ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവിൽ 71 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 24 പേർക്ക് ഈ മാസം രോഗം ബാധിച്ചു.
അതേസമയം, കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടും, രോഗത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ കഴിയാത്തത് വലിയ വെല്ലുവിളിയായി തുടരുന്നു. പൊതു ജലാശയങ്ങളിൽ നിന്നും വീടുകളിലെ കിണറുകളിൽ നിന്നുമാണ് രോഗം പകരുന്നത്. എങ്കിലും, രോഗത്തെക്കുറിച്ച് അധികം വിഷമിക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ലോകത്ത് 40 ശതമാനം മാത്രമേ രോഗം കണ്ടെത്തുന്നുള്ളൂ, എന്നാൽ കേരളത്തിൽ ഇത് 70 ശതമാനം വരെയാണ്. കൂടുതൽ പരിശോധനകൾ നടക്കുന്നതിനാൽ സ്ഥിരീകരിച്ച കേസുകളുടെ നിരക്കും വർദ്ധിക്കുന്നതായി ആരോഗ്യവിദഗ്ധർ പറഞ്ഞു.

