ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം വാറനാട് സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത് . പിന്നീട് പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാറനാട്ടുള്ള വീട്ടിലുമാണ് താമസിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടി താമസിച്ചിരുന്ന തണ്ണീർമുക്കത്തും പള്ളിപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അമീബ നെയ്ഗ്ലേരിയ ഫൗളേരി തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബ എൻസെഫലൈറ്റിസ്. ‘തലച്ചോറ് തിന്നുന്ന അമീബ’ എന്നറിയപ്പെടുന്ന അമീബയാണ് ഇവയിൽ ഏറ്റവും അപകടകാരി. ഇത് തലച്ചോറിനെ വേഗത്തിൽ നശിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്.

