ഇസ്ലാമാബാദ് : ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നിർദ്ദേശത്തെ ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ എട്ട് അറബ്, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പ്രശംസിച്ചു. അതേസമയം, ഗാസയിലെ സമാധാന സേനയെ സഹായിക്കാൻ പാക് സൈന്യത്തെ അയക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . ഈ തീരുമാനം പാകിസ്ഥാന്റെ ഉന്നത നേതൃത്വമായിരിക്കും എടുക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാമത് സമ്മേളനത്തിനിടെ മുസ്ലീം നേതാക്കളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഇഷാഖ് ദാർ വിവരിച്ചു. ഈ യോഗത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, ജോർദാൻ, തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഗാസ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപുമായി ചർച്ച ചെയ്തതായി ഇഷാഖ് ദാർ പറഞ്ഞു.
യുഎൻ പൊതുസഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുക, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുക എന്ന രണ്ട് ലക്ഷ്യങ്ങളോടെയാണ് പാകിസ്ഥാൻ പ്രതിനിധി സംഘം യുഎസിലേക്ക് പോയതെന്ന് ഇഷാഖ് ദാർ പറഞ്ഞു.
“ഗാസയിൽ വെടിനിർത്തൽ കൈവരിക്കുക, ഗാസയുടെ പുനർനിർമ്മാണം ആസൂത്രണം ചെയ്യുക, ഗാസയിലേക്ക് മാനുഷിക സഹായം അയയ്ക്കുന്നതിന് ക്രമീകരണം ചെയ്യുക, പലസ്തീനികളുടെ നിർബന്ധിത കുടിയിറക്കം തടയുക, ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട ആളുകളെ തിരികെ കൊണ്ടുവരാൻ ക്രമീകരിക്കുക, വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ തടയുക എന്നിവയായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം,സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര പലസ്തീൻ സർക്കാർ അവിടെ സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ആശയം. ഇത് ഒരു അന്താരാഷ്ട്ര നിരീക്ഷണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലായിരിക്കും, അതിൽ ഭൂരിഭാഗവും പലസ്തീൻ ആയിരിക്കും. ടോണി ബ്ലെയർ ഇക്കാര്യത്തിൽ ശ്രമങ്ങൾ നടത്തുന്നുണ്ട്.
അവിടെ വിന്യസിച്ചിരിക്കുന്ന സേന ഒരു സമാധാന സേനയാണ്. പലസ്തീൻ നിയമ നിർവ്വഹണ ഏജൻസികൾ സ്ഥലത്തുണ്ടാകും. അവരെ പിന്തുണയ്ക്കാൻ പ്രത്യേക സേനകളുണ്ടാകും. ഇതിനായി ഇന്തോനേഷ്യ 20,000 സൈനികരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ നേതൃത്വവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഇഷാഖ് ദാർ പറഞ്ഞു.

