ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യയുടെ പ്രതികാര നടപടി ഭയന്ന് പരിഭ്രാന്തരായ പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തി. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്ഥാന്റെ ജലവിഹിതം വഴിതിരിച്ചുവിടാൻ ഇന്ത്യ നിർമ്മിക്കുന്ന അണക്കെട്ട് നശിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഉറപ്പാക്കുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ മന്ത്രിയുടെ പ്രസ്താവന . പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് ആക്രമണാത്മക നടപടിയായി കാണുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു.
സിന്ധു നദീതടത്തിൽ അണക്കെട്ട് നിർമ്മാണവുമായി ഇന്ത്യ മുന്നോട്ട് പോയാൽ പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനു, അത്തരമൊരു നീക്കത്തെ ആക്രമണമായി കണക്കാക്കുമെന്നും ഇന്ത്യ അതിന് ശ്രമിച്ചാൽ പോലും പാകിസ്ഥാൻ ആ ഡാമുകൾ നശിപ്പിക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.. അതേസമയം, പഹൽഗാം ആക്രമണത്തോടുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ പൂർണ്ണമായും നിരോധിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതണ് ഈ നിരോധനം . പാകിസ്ഥാനിൽ നിന്നുള്ള നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി നിരോധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വിജ്ഞാപനത്തിൽ വാണിജ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

