വിവാഹവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വിചിത്രമായ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് . ചിലതൊക്കെ നമ്മളെ ഞെട്ടിപ്പിക്കാറുമുണ്ട്. കൈയിംഗ് വെഡ്ഡിംഗ് സിസ്റ്റം എന്ന് അറിയപ്പെടുന്ന ആചാരം നിലനിൽക്കുന്നത് ചൈനയിലെ തുജിയ വിഭാഗങ്ങക്കിടയിലാണ് . ഇവർക്കിടയിൽ വിവാഹത്തിന് 30 ദിവസം മുൻപ് എല്ലാ ദിവസവും 1 മണിക്കൂർ വീതം വധു കരയണം .ഇത് തുജിയ വിഭാഗത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണ്.
ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഹുബെയ്, ഹുനാൻ , ഗുയിഷൗ എന്നീ പ്രവിശ്യകളിൽ തുജിയ സമൂഹമുണ്ട്. തനതായ വിവാഹരീതികളാണിവർക്ക്.വ്യത്യസ്തങ്ങളായ ആചാരങ്ങളും , പാരമ്പര്യങ്ങളുമാണ് ഇവർക്കുള്ളത് .തുജിയ വിഭാഗക്കാർ തങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യത്തിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ് .വധുവിന് വിവാഹത്തിനായി മാനസികമായും , വൈകാരികപരമായും തയ്യാറെടുക്കാനുള്ള മാർഗമായാണ് വിവാഹത്തിനു മുൻപുള്ള കരച്ചിലിനെ ഇവർ കാണുന്നത് .
ഓരോ ദിവസവും വധുവിന്റെ കരച്ചിലുകൾ വ്യത്യസ്തമാണ് . അമ്മയും , മുത്തശിയും വധുവിനൊപ്പം കരയണമെന്നും നിർബന്ധമാണ് . സ്വന്തം വീടും , കുടുംബവും ഉപേക്ഷിച്ച് പോകുന്നതിന്റെ പേരിലാണ് ആദ്യ ദിവസത്തെ കരച്ചിൽ . വീട്ടുകാരെ വിട്ടു പോകുന്നതിനും , പുതിയ കുടുംബജീവിതം ലഭിക്കുന്നതിന് നന്ദി അറിയിച്ചുമൊക്കെ വധു കരയാറുണ്ട്.