വാഷിംഗ്ടൺ : വെനിസ്വേലയിൽ അമേരിക്കയുടെ വ്യോമാക്രമണം .വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ അഡെല ഫ്ലോറസ് ഡി മഡുറോയെയും പിടികൂടിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുവരെയും രാജ്യത്ത് നിന്ന് നാടുകടത്തിയതായാണ് റിപ്പോർട്ട് . ശക്തമായ കര ആക്രമണം തുടരുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു
യുഎസ് നിയമ നിർവ്വഹണ ഏജൻസികളുടെ സഹകരണത്തോടെയാണ് ദൗത്യം നടത്തിയതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ പൗരന്മാരോട് വെനിസ്വേല വിടാനും ട്രംപ് ആഹ്വാനം ചെയ്തു. ഡെൽറ്റ ഫോഴ്സ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായാണ് റിപ്പോർട്ട്. അധിനിവേശത്തെ ചെറുക്കുമെന്ന് വെനിസ്വേലൻ പ്രതിരോധ മന്ത്രി വ്ളാഡിമിർ പാഡ്രിനോ പറഞ്ഞു. അമേരിക്കൻ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നും സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴ് സ്ഫോടനങ്ങൾ ഉണ്ടായി . സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ഭയാനകമായ മയക്കുമരുന്ന് കാർട്ടലുകളെ സംരക്ഷിക്കാനുള്ള വെനിസ്വേലൻ സർക്കാരിന്റെ നീക്കത്തിനെതിരെയായിരുന്നു ആക്രമണമെന്ന് അമേരിക്ക പറയുന്നു.
വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ നിരവധി പ്രധാന മേഖലകളെ യുഎസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, യുഎസ് സൈന്യം തങ്ങളുടെ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെനിസ്വേലയെ ആക്രമിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വലിയ ചിനൂക്ക് ഹെലികോപ്റ്റർ ഉപയോഗിച്ച് സൈനികർ സൈനിക പ്രവർത്തനങ്ങൾ നടത്തുന്നതായി കാണിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നത് . ഉയർന്ന അപകടസാധ്യതയുള്ള ഈ സൈനിക ദൗത്യത്തിൽ, കയറുകൾ ഉപയോഗിച്ച് സൈനികരെ ഹെലികോപ്റ്ററുകളിൽ നിന്ന് താഴെയിറക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
https://x.com/i/status/2007422423080358211

