ബെലീസ് ; ബെലീസിൽ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ യാത്രക്കാരൻ വെടിവച്ചു കൊന്നു . സാൻ പെഡ്രോയിലേക്കുള്ള വിമാനമായിരുന്നു അമേരിക്കൻ പൗരനായ അകിൻയേല സാവ ടെയ്ലർ കത്തിമുനയിൽ നിർത്തി റാഞ്ചാൻ ശ്രമിച്ചത്. എന്നാൽ യാത്രക്കാരിൽ ഒരാൾ ഉടൻ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സാൻ പെഡ്രോയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. 49 കാരനായ അകിൻയേല യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങിയിരുന്നു.ടെയ്ലറിന് കത്തി എങ്ങനെ വിമാനത്തിൽ കയറ്റാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ബെലീസിയൻ അധികൃതർ യുഎസ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അക്രമി വിമാനം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു . വെടിയുതിർത്തതിനെത്തുടർന്ന്, വിമാനം അടിയന്തിരമായി നിലത്തിറക്കുകയും അകിൻയേലയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

