വാഷിംഗ്ടൺ : യുഎസ് വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റേൺ സമുദ്രാതിർത്തിയിലേക്ക് . ഇറാൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരായ അടിച്ചമർത്തലിന് മറുപടിയായി അമേരിക്ക നടത്തുന്ന ഏതൊരു ആക്രമണത്തെയും തിരിച്ചടിക്കാൻ തയ്യാറാണെന്ന് ഖമനേയി സർക്കാർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വന്നത് .
പ്രതിഷേധക്കാരെ ഇറാന്റെ സുരക്ഷാ സേന അടിച്ചമർത്തുന്നതായും, ഏകദേശം 6,000 പേരുടെ മരണം സ്ഥിരീകരിച്ചതായും യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടന വ്യക്തമാക്കിയിരുന്നു. എന്നാൽ യഥാർത്ഥ മരണസംഖ്യ പല മടങ്ങ് കൂടുതലാകാമെന്നും സൂചനയുണ്ട്.
സാമ്പത്തിക നയങ്ങൾക്കെതിരെ ഡിസംബർ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധങ്ങൾ, ജനുവരി 8 മുതൽ നിരവധി ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ബഹുജന പ്രസ്ഥാനമായി മാറി. 18 ദിവസം നീണ്ടുനിന്ന ഇന്റർനെറ്റ് നിരോധനം ജനരോഷം ശക്തമാക്കി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം അധികാരമേറ്റ പൗരോഹിത്യ നേതൃത്വം പ്രതിഷേധങ്ങൾക്കിടയിലും ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ പലരും മാറ്റത്തിന്റെ പ്രേരകമായാണ് ഈ പ്രതിഷേധങ്ങളെ കാണുന്നത് .
മേഖലയിലേക്ക് വലിയ കപ്പൽപ്പടയെ അയയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
അതേസമയം യുഎസിന്റെ ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാന് “സ്വന്തം കഴിവുകളിൽ ആത്മവിശ്വാസമുണ്ടെന്ന്” മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് പറഞ്ഞു. ” യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ പോലെയൊരു യുദ്ധക്കപ്പലിന്റെ വരവ് ഇറാന്റെ ദൃഢനിശ്ചയത്തെയും ഇറാനിയൻ രാഷ്ട്രത്തെ പ്രതിരോധിക്കാനുള്ള ഗൗരവത്തെയും ബാധിക്കില്ല.”എന്നും അദ്ദേഹം പറഞ്ഞു.

