ടെഹ്രാൻ: കർശനമായ മതനിയമങ്ങൾ നിലനിൽക്കുന്ന ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിനി. ടെഹ്റാന് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ചയാണ് പെൺകുട്ടി മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് ഇന്ന് ലോകത്താകമാനം സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
അഹു ദര്യായി എന്ന വിദ്യാർത്ഥിനിയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നാണ് വിവരം. 2022ൽ പൊതുഇടത്ത് പ്രത്യക്ഷപ്പെട്ടപ്പോൾ ശിരോവസ്ത്രം നീങ്ങി എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന കുർദിഷ് വനിതയെ ഇറാൻ പോലീസിലെ സദാചാര സംരക്ഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവർ കൊല്ലപ്പെട്ടിരുന്നു. പോലീസ് മർദ്ദനത്തിനും ക്രൂര പീഡനങ്ങൾക്കും ഇരയായാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് ഇറാനിൽ ആരംഭിച്ച ഹിജാബ് ബഹിഷ്കരണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അതേസമയം, മേൽക്കുപ്പായങ്ങൾ ഊരിയെറിഞ്ഞ് പ്രതിഷേധിച്ച പെൺകുട്ടി മാനസിക രോഗിയാണ് എന്നാണ് ഇറാൻ പോലീസ് നൽകുന്ന വിശദീകരണം. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പോലീസ് തടഞ്ഞിരിക്കുകയാണ്. പെൺകുട്ടിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുമെന്നും ഇറാൻ പോലീസിലെ സദാചാര വിഭാഗം അറിയിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.