വാഷിംഗ്ടൺ : 75 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കുള്ള വിസ പ്രോസസ്സിംഗ് പൂർണ്ണമായും നിർത്തിവച്ച് അമേരിക്ക . അപേക്ഷകരെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം വഴി ലക്ഷ്യമിടുന്നത്. ട്രംപ് ഭരണകൂടം വിലക്കിയ രാജ്യങ്ങളിൽ ഇറാൻ, റഷ്യ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, നൈജീരിയ, ബ്രസീൽ എന്നിവ ഉൾപ്പെടുന്നു. ഈ നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരും, അനിശ്ചിതമായി നിലനിൽക്കുകയും ചെയ്യും.
നിലവിലുള്ള നിയമപ്രകാരം വിസ നിഷേധിക്കാൻ യുഎസ് എംബസികളോട് ട്രമ്പ് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട് . കഴിഞ്ഞ ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ആരംഭിച്ച വ്യാപകമായ കുടിയേറ്റ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. യുഎസ് ഡിപ്പാർട്ട്മെന്റ് വിസ സ്ക്രീനിംഗും മറ്റ് നടപടിക്രമങ്ങളും പുനഃപരിശോധിക്കും.
സൊമാലിയ, ഈജിപ്ത്, തായ്ലൻഡ്, യെമൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ പ്രവേശനം ട്രംപ് ഭരണകൂടം നിരോധിച്ചിരിക്കുന്നു. സൊമാലിയ ഇതിനകം തന്നെ യുഎസ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. തീവ്രവാദികളുടെ താവളമായ പാകിസ്ഥാനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറയുന്നതനുസരിച്ച്, അമേരിക്കൻ പൊതുജനങ്ങളെ ചൂഷണം ചെയ്യുകയും ക്ഷേമത്തിൽ ആശ്രയിക്കുകയും ചെയ്യുന്നവരെ തടയാൻ യുഎസ് അതിന്റെ ദീർഘകാല അധികാരങ്ങൾ ഉപയോഗിക്കും. ഇന്ത്യയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ആരോഗ്യം, പ്രായം, ഇംഗ്ലീഷ് പ്രാവീണ്യം, ദീർഘകാല വൈദ്യ പരിചരണത്തിനുള്ള സാധ്യത എന്നിവ പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത്, പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് വിസ നിഷേധിക്കുന്ന ഇമിഗ്രേഷൻ നിയമത്തിലെ പബ്ലിക് ചാർജ് വ്യവസ്ഥ പ്രകാരം പുതിയ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ നവംബറിൽ ലോകമെമ്പാടുമുള്ള എംബസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

