തുർക്കിയുടെ യുദ്ധക്കപ്പൽ പാകിസ്ഥാനിലെത്തി . തുർക്കി നാവിക കപ്പലായ ടിസിജി ബുയുക്കഡയാണ് കറാച്ചിയിലെത്തിയത്. പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ നാവികസേന വ്യക്തമാക്കി . സാമ്പത്തിക, പ്രതിരോധ കാര്യങ്ങളിൽ പാകിസ്ഥാനും തുർക്കിയും തമ്മിൽ മികച്ച പങ്കാളിത്തമാണുള്ളത്.
പാകിസ്ഥാന്റെ അഗോസ്റ്റ 90-ബി ക്ലാസ് അന്തർവാഹിനികൾ ആധുനികവൽക്കരിക്കാൻ തുർക്കി പ്രതിരോധ കമ്പനികൾ സഹായിച്ചിട്ടുണ്ട് . കൂടാതെ ഡ്രോണുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ ഇസ്ലാമാബാദിന് നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പതിവായി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്താറുണ്ട്. അടുത്തിടെ അറ്റാറ്റുർക്ക്-XIII അഭ്യാസവും നടത്തി.
കറാച്ചി തുറമുഖത്ത് എത്തിയ തുർക്കി നാവിക കപ്പലിനെ ഊഷ്മളമായി സ്വീകരിച്ചതായി പാകിസ്ഥാൻ നാവികസേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് റിലേഷൻസ് (ഡിജിപിആർ) അറിയിച്ചു. കറാച്ചിയിൽ താമസിക്കുന്ന സമയത്ത്, ടിസിജി ബുയുക്കാഡയിലെ ജീവനക്കാർ പാകിസ്ഥാൻ നാവികസേനാംഗങ്ങളുമായി നിരവധി വിഷയങ്ങളിൽ സംവദിക്കുമെന്ന് ഡിജിപിആർ പറഞ്ഞു. ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുകയും സമുദ്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

