വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൗരനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രിയിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി . ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് ചന്ദ്ര നാഗമല്ലയ്യയെ തലയറുത്തു കൊലപ്പെടുത്തിയത് . അമേരിക്ക സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റ കുറ്റവാളികളോട് തന്റെ ഭരണകൂടം കൂടുതൽ കർശനമായി തന്നെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ടെക്സസിലെ ഡാളസിൽ നാഗമല്ലയ്യ ബഹുമാന്യനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു സംഭവം നമ്മുടെ രാജ്യത്ത് നടന്നു. ക്യൂബയിൽ നിന്നുള്ള ഒരു അനധികൃത വിദേശിയാണ് ഭാര്യയുടെയും മകന്റെയും മുന്നിൽ ചന്ദ്രയെ ക്രൂരമായി തലയറുത്തത്, അത് ഒരിക്കലും നമ്മുടെ രാജ്യത്ത് ഉണ്ടാകാൻ പാടില്ലായിരുന്നു,’ ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
കർണാടക സ്വദേശിയായ ചന്ദ്ര നാഗമല്ലയ്യ (50) കഴിഞ്ഞ അഞ്ച് വർഷമായി ഡൗണ്ടൗണിന് കിഴക്കുള്ള സാമുവൽ ബൊളിവാർഡിലുള്ള ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. മോട്ടലിലെ ജീവനക്കാരനായ യോർഡാനിസ് കോബോസ് മാർട്ടിനെസ് (37) ചന്ദ്രയെ തലയറുത്ത് കൊലപ്പെടുത്തി തല മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് .

