ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം പാകിസ്താനിൽ ഭീകര സംഘടനകളുടെ നേതാക്കൾക്കെതിരെ അജ്ഞാതരുടെ ആക്രമണങ്ങൾ ആവർത്തിക്കുന്നു. ഇന്ത്യയിൽ കുപ്രസിദ്ധമായ മൂന്ന് ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊടും ലഷ്കർ ഭീകരൻ അബു സെയ്ഫുള്ള എന്ന റസാവുള്ള നിസാമാനി കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ചാണ് ആയുധധാരികളായ അജ്ഞാതർ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്.
സിന്ധിലെ മാത്ലിയിൽ സ്വന്തം വീടിന് സമീപം വെച്ചായിരുന്നു നിസാമാനി ആക്രമിക്കപ്പെട്ടത്. ഇവിടെ പാക് സർക്കാർ ഒരുക്കിയ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നാണ് അജ്ഞാതർ ആക്രമണം നടത്തിയത്.
2001ലെ റാംപൂരിലെ സി ആർ പി എഫ് ക്യാമ്പ് ആക്രമണം, 2005ലെ ബംഗലൂരിലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന് നേരെ നടന്ന ആക്രമണം, 2006ൽ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ മുഖ്യ സൂത്രധാരനായിരുന്നു റസാവുള്ള നിസാമാനി.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊടും ഭീകരരായ യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെ ഇന്ത്യൻ സൈന്യം വകവരുത്തി ദിവസങ്ങൾക്കുള്ളിലാണ് പാകിസ്താനിൽ അജ്ഞാതന്റെ ആക്രമണം നടന്നിരിക്കുന്നത്. മുരിദ്കെയിലെ ലഷ്കറെ ത്വയിബ് ആസ്ഥാനം, ബഹാവല്പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം എന്നിവയും ദൗത്യത്തിന്റെ ഭാഗമായി തകർത്ത ഇന്ത്യൻ സൈന്യം, നൂറിലേറെ ഭീകരരെയും വധിച്ചിരുന്നു. പാകിസ്താൻ സൈന്യവും ഭീകരവാദികളും തമ്മിലുള്ള ബന്ധം വ്യക്തമായി തുറന്ന് കാട്ടാനും ഇന്ത്യക്ക് ഇതിലൂടെ സാധിച്ചിരുന്നു.

