വാഷിംഗ്ടൺ : ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് അവകാശപ്പെട്ട് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ താൻ മിടുക്കനാണെന്ന് ട്രമ്പ് സ്വയം പുകഴ്ത്തുകയും ചെയ്തു.
ഈ വർഷമാദ്യം നടന്ന സൈനിക സംഘർഷത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ സമാധാന നിർമ്മാതാവാണ് തന്റെ താരിഫ് ഭീഷണികളെന്ന് ട്രംപ് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചർച്ചയ്ക്കായി മിഡിൽ ഈസ്റ്റിലേക്ക് പറക്കുന്നതിനിടെയാണ് എട്ട് ആഗോള സംഘർഷങ്ങൾ “പരിഹരിക്കാൻ” തനിക്ക് കഴിഞ്ഞതായി ട്രമ്പ് പറഞ്ഞത്.പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“താരിഫുകളെ അടിസ്ഥാനമാക്കിയാണ് ഞാൻ ചില യുദ്ധങ്ങൾ പരിഹരിച്ചത്. ഉദാഹരണത്തിന്, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ. നിങ്ങൾ ഒരു യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ കൈവശം ആണവായുധങ്ങൾ ഉണ്ടെങ്കിൽ, ഞാൻ നിങ്ങൾ രണ്ടുപേർക്കും 100 ശതമാനം, 150 ശതമാനം, 200 ശതമാനം എന്നിങ്ങനെ വലിയ തീരുവകൾ ചുമത്തുമെന്ന് ഞാൻ പറഞ്ഞു. ഞാൻ താരിഫുകൾ ഏർപ്പെടുത്തുകയാണെന്ന് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഞാൻ അത് തീരുമാനിച്ചു. ഞാൻ താരിഫുകൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ആ യുദ്ധം പരിഹരിക്കാൻ കഴിയുമായിരുന്നില്ല,” ട്രമ്പ് അവകാശപ്പെട്ടു.
“ഇത് ഞാൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായിരിക്കും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഇപ്പോൾ ഒരു യുദ്ധം നടക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. ഞാൻ തിരിച്ചുവരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ഞാൻ പറഞ്ഞു. ഞാൻ മറ്റൊന്ന് ഇപ്പോൾ ചെയ്യുകയാണ്. കാരണം യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ് .
വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ചില യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കൂ. എല്ലാ രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു . ഇപ്പോൾ ഓരോന്നും ഞാൻ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കി. അത് ചെയ്യാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. ഞാൻ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു. പക്ഷേ ഞാൻ ഇത് നോബലിനുവേണ്ടിയല്ല ചെയ്തത്. ജീവൻ രക്ഷിക്കാനാണ് ഞാൻ ഇത് ചെയ്തത്.“ അദ്ദേഹം പറഞ്ഞു.
ഇന്ന് ഈജിപ്റ്റിൽ നടക്കുന്ന സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ക്ഷണിച്ചിരുന്നു.ഷാർം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് പേരിട്ടിരിക്കുന്ന യോഗത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും അധ്യക്ഷത വഹിക്കും . യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രസിഡന്റ് ജോർജിയ മെലോണി, സ്പെയിനിന്റെ പെഡ്രോ സാഞ്ചസ് , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഷാം എൽ-ഷെയ്ക്കിൽ ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല . ഹമാസ് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

