ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിൽ ഉണ്ടായ കത്തിക്കുത്തിൽ പത്തോളംപേർക്ക് പരിക്ക്. ഇവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ് പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിൻ പീറ്റർബറോ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 7:30 ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. സാധാരണയായി യാത്രക്കാരാൽ നിറഞ്ഞിരിക്കുന്ന സ്റ്റേഷനാണിത്.
ഒരു വലിയ കത്തിയും രക്തവുമായി ഒരാളെ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ജീവൻ രക്ഷിക്കാൻ ആളുകൾ കുളിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പലരും വീണു
“ആദ്യം അതൊരു തമാശയാണെന്നാണ് ഞാൻ കരുതിയത്, പക്ഷേ പിന്നീട് ആളുകൾ ‘ഓടൂ, ഓടൂ, അവൻ എല്ലാവരെയും കുത്തുകയാണ്’ എന്ന് ആക്രോശിക്കാൻ തുടങ്ങി.” ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.
ആക്രമണത്തിന്റെ പൂർണ്ണ ലക്ഷ്യവും പശ്ചാത്തലവും അന്വേഷിക്കുന്നതിനായി തീവ്രവാദ വിരുദ്ധ പോലീസും അന്വേഷണത്തിൽ സഹായിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ ക്രിസ് കേസി പറഞ്ഞു.സംഭവം ആശങ്കാജനകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പൊതുജനങ്ങളോട് പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

