പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ, അതിർത്തിക്ക് സമീപം താമസിക്കുന്ന ആളുകളോട് രണ്ട് മാസത്തേക്ക് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ നിർദേശിച്ച് പ്രാദേശിക ഭരണകൂടം . ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട് പാകിസ്ഥാൻ .
അതിനിടെയാണ് 13 നിയോജകമണ്ഡലങ്ങളിൽ കഴിയുന്നവരോട് രണ്ട് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയത് . പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൽ ഹഖ് നിയമസഭയിൽ ഇക്കാര്യം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഈ 13 നിയോജകമണ്ഡലങ്ങളിലും ഭക്ഷണം, മരുന്നുകൾ, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി 1 ബില്യൺ രൂപയുടെ അടിയന്തര സഹായനിധിയും അനുവദിച്ചു. നിയന്ത്രണ രേഖയിലുള്ള പ്രദേശങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ, സ്വകാര്യ സംവിധാനങ്ങളും വിന്യസിക്കുന്നുണ്ട്.ഇന്ത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നതിന് വിശ്വസനീയമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഈ ഭയം കാരണം, പാക് അധീന കശ്മീരിലെ പാകിസ്ഥാൻ അധികൃതർ വ്യാഴാഴ്ച (മെയ് 1, 2025) 10 ദിവസത്തേക്ക് 1000-ത്തിലധികം മതപാഠശാലകൾ അടച്ചുപൂട്ടി.

