സിയോൾ: കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ. പാർലമെന്റ് ഒന്നടങ്കം എതിർത്ത് വോട്ട് ചെയ്തതോടെയാണ് രാത്രിയിൽ പ്രഖ്യാപിച്ച പട്ടാള നിയമം പുലരും മുൻപേ പിൻവലിച്ചത്.വിന്യസിച്ച സൈനികരെ പിൻവലിക്കുമെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡൻ്റ് അറിയിച്ചു.
രാജ്യവിരുദ്ധ ഘടകങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും, ഉത്തര കൊറിയയുടെ കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും പറഞ്ഞാണ് യൂൺ സുക് യോൾ രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത് .
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു പ്രസിഡൻ്റിൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം.ഉത്തര കൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി രാജ്യത്ത് അനുചിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും യൂൺ സുക് യോൾ പറഞ്ഞു.
ഇതിനെതിരെ ജനാധിപത്യം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് പാർലമെൻ്റ് വളഞ്ഞത്. പാർലമെൻ്റിൽ കരിനിയമത്തിനെതിരെ വോട്ടെടുപ്പും നടന്നു. 300 അംഗങ്ങളിൽ 190 പേരും നിയമത്തെ എതിർത്തു. ഇതിന് പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ പിന്മാറ്റം.