ന്യൂഡൽഹി : സൗദി രാജകുമാരനെ ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ പറ്റിയുള്ള അന്വേഷണത്തിൽ വഴിത്തിരിവ് . മദ്യം, മയക്കുമരുന്ന്, വിഷാദത്തിനുള്ള മരുന്നുകൾ എന്നിവ ഒരുമിച്ച് കഴിച്ചതിനെ തുടർന്നുള്ള ഹൃദയാഘാതത്തെ തുടർന്നാണ് അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദ് എന്ന രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവംബർ 19 നാണ് കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിൽ ഒരു ആഴ്ച നീണ്ടുനിൽക്കുന്ന താമസത്തിനായി അൽ സൗദ് എത്തിയത് . ഇന്നർ വെസ്റ്റ് ലണ്ടൻ കൊറോണേഴ്സ് കോടതിയിൽ ഹാജരാക്കിയ തെളിവുകൾ പ്രകാരം, മരണത്തിന് തലേന്ന് വൈകുന്നേരം സിഗരറ്റ് പുറത്തേക്കിറങ്ങിയപ്പോഴാണ് സിസിടിവിയിൽ അദ്ദേഹത്തെ അവസാനമായി ജീവനോടെ കണ്ടത്.
പിറ്റേന്ന്, ഹോട്ടൽ ക്ലീനറാണ് അഞ്ചാം നിലയിലെ മുറിയിൽ ബാത്ത്റൂം തറയിൽ വീണ് കിടക്കുന്ന രാജകുമാരനെ കണ്ടെത്തിയത് . ഹോട്ടൽ ജീവനക്കാർ ഉടൻ എമജൻസി മെഡിക്കൽ സംഘത്തെ വിളിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടോക്സിക്കോളജി പരിശോധനയിൽ രാജകുമാരന്റെ രക്തത്തിലെ ആൽക്കഹോൾ അളവ് 100 മില്ലി രക്തത്തിൽ 222 മില്ലിഗ്രാം ആണെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിൽ നിയമപരമായി മദ്യപിച്ച് വാഹനമോടിക്കുന്ന പരിധിയുടെ ഏകദേശം മൂന്നിരട്ടിയാണിത് . ഇത്രയും മദ്യത്തിന്റെ അളവ് മാത്രം കോമയിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ കോടതിയെ അറിയിച്ചു.
മാത്രമല്ല പാർട്ടി മയക്കുമരുന്ന് എന്നറിയപ്പെടുന്ന ഗാമാ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് യുടെ (GHB) മാരകമായ അളവും കഞ്ചാവ്, വിഷാദ മരുന്നുകളുടെ അംശങ്ങളും രക്തത്തിൽ കണ്ടെത്തി. മരുന്നുകളുടെ സംയോജനം ഹൃദയസ്തംഭനത്തിലേക്ക് നയിച്ചുവെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു. മരണത്തിന് മുമ്പ് രാജകുമാരൻ മദ്യാസക്തിക്ക് ചികിത്സ തേടിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
2025 ഓഗസ്റ്റിൽ അദ്ദേഹത്തെ റോഹാംപ്ടണിലെ പ്രിയോറി ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി .ശാരീരിക സങ്കീർണതകളില്ലാതെ ഡീടോക്സ് പ്രോഗ്രാം അദ്ദേഹം പൂർത്തിയാക്കിയെന്നും കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിക്ടോറിയ ചാമോറോ പറഞ്ഞു.

