മകൾ എന്നും കുഞ്ഞായി തന്നെ ഇരിക്കാൻ ഭക്ഷണം നൽകാതെ പട്ടിണിയ്ക്കിട്ട് വളർത്തിയ മാതാപിതാക്കൾക്കെതിരെ കേസ് . ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. 17 വയസുള്ള മകളെയാണ് പോഷകാഹാരങ്ങൾ നൽകാതെ വളർത്തിയത് . ‘ നടക്കുന്ന അസ്ഥികൂടം ‘ എന്നാണ് കുട്ടിയെ കണ്ട ഡോക്ടർമാർ പോലും പറഞ്ഞത് .
17 കാരിയ്ക്ക് 27.3 കിലോഗ്രാം (60 പൗണ്ട്) ഭാരം മാത്രമാണുണ്ടായിരുന്നത് . വീട്ടിൽ തന്നെ ഇരുത്തി പഠിപ്പിക്കുകയും തീവ്രമായ നൃത്ത പരിശീലനം നൽകുകയും ചെയ്തു. പല്ലുതേയ്ക്കുന്നതിനു പോലും മാതാപിതാക്കൾ സമയം നിശ്ചയിച്ചിരുന്നു. കൗമാരപ്രായത്തിലും പ്രീ സ്കൂള്‍ കുട്ടികളുടെ പോലുള്ള വസ്ത്രങ്ങളാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. പീയർ, സ്ട്രോബെറി, മിനെസ്ട്രോണ്‍ സൂപ്പ്, ഐസ്ക്രീം എന്നിവ മാത്രമാണു കഴിക്കാൻ നല്‍കിയിരുന്നത്.അയൽക്കാരുമായി പോലും കുട്ടി സംസാരിക്കാൻ അനുവദിച്ചിരുന്നില്ല . ചില അധ്യാപകരും , മറ്റ് കുട്ടികളുടെ മാതാപിതാക്കളുമാണ് കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്ക അറിയിച്ചത്.
മകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും കുട്ടിയുടെ പിതാവ് പൊട്ടിച്ചിരിക്കുകയായിരുന്നു. 50 നാൾ നീണ്ട ആശുപത്രി വാസത്തിൽ ട്യൂബ് വഴിയാണ് പെൺകുട്ടിയ്ക്ക് ഭക്ഷണം നൽകിയത് . ആശുപത്രി വാസത്തിനിടെ, പെൺകുട്ടിയുടെ ഭാരം 7 കിലോഗ്രാം (15 പൗണ്ട്) വർദ്ധിക്കുകയും 3.4 സെന്റിമീറ്റർ നീളം (1.3 ഇഞ്ച്) വയ്ക്കുകയും ചെയ്തു.
താൻ സഹിച്ച പീഡനങ്ങൾക്കിടയിലും, അനാഥയാകുമെന്ന് ഭയന്ന് മാതാപിതാക്കളെ ജയിലിലടയ്ക്കരുതെന്ന് പെൺകുട്ടി കോടതിയിൽ അപേക്ഷിച്ചു. “എന്റെ മാതാപിതാക്കൾ എന്നോട് ഒരു തരത്തിലും അന്യായം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല” എന്നും ആ മകൾ കോടതിയിൽ പറഞ്ഞു. എന്നാൽ മകൾ സ്വതന്ത്രയായ ഒരു മുതിർന്ന വ്യക്തിയായി വളരുന്നതിൽ നിന്ന് അവർ മനഃപൂർവ്വം തടയുകയാണെന്ന് കോടതി കണ്ടെത്തി.
മാത്രമല്ല പെൺകുട്ടിയെ ചെറുപ്പമായി കാണിക്കാൻ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതിനും ദമ്പതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. കേസിൽ പിതാവിന് ആറ് വർഷവും അമ്മയ്ക്ക് അഞ്ച് വർഷവും തടവും വിധിച്ചു.