മോസ്കോ: കാണാതായ റഷ്യൻ വിമാനം വനത്തിൽ തകർന്ന് വീണതായി റിപ്പോർട്ട്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 50 പേർ ഉണ്ടായിരുന്നതായാണ് വിവരം. എയർ ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം നഷ്ടമായി അൽപ്പസമയത്തിനകം വിമാനം തകർന്ന് വീഴുകയായിരുന്നു.
എൻ- 24 യാത്രാവിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനം തീ പിടിച്ച് കത്തിയമരുന്നത് കണ്ടതായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന എം ഐ-8 ഹെലികോപ്റ്റർ സംഘം വിവരം നൽകിയിട്ടുണ്ട്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അമൂർ മേഖലയിലെ ടിൻഡയിലേക്ക് പുറപ്പെട്ട സൈബീരിയൻ എയർ ലൈൻ കമ്പനിയായ അംഗാറയുടെ വിമാനമാണ് അപകടത്തിൽ പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ട് മുൻപ് റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം അപകടത്തിൽ പെടുകയായിരുന്നു. യാത്രക്കാരിൽ 5 പേർ കുട്ടികളാണ്. ആറ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ടിൻഡ വിമാനത്താവളത്തിന് 15 കിലോമീറ്റർ അകലെ നിന്നും വിമാനത്തിന്റെ കത്തിയ അവശിഷ്ടങ്ങൾ ലഭിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. വിമാനം തകർന്ന് വീണ സ്ഥലത്തെ വനമേഖലയിൽ നിന്നും കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ചില റഷ്യൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.
വീഡിയോ: https://x.com/RT_com/status/1948285880826744865

