ഇസ്ലാമാബാദ് : പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാനിസ്ഥാൻ അടുത്തിടെ നടത്തിയ പ്രകോപനപരമായ നടപടികളെ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . 15 ഓളം പാക് സൈനികർ കൊല്ലപ്പെട്ടിട്ടും പാകിസ്ഥാൻ സായുധ സേനയുടേത് ശക്തവും ഫലപ്രദവുമായ തിരിച്ചടിയാണെനാണ് ഷഹബാസ് ഷെരീഫ് പറയുന്നത് . മാത്രമല്ല രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രൊഫഷണൽ സമീപനത്തെയും ഷഹബാസ് ഷെരീഫ് പ്രശംസിച്ചു.
“നമ്മുടെ സായുധ സേനയുടെ പ്രൊഫഷണലിസത്തിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ ധീരമായ നേതൃത്വത്തിൽ, പാകിസ്ഥാൻ സൈന്യം അഫ്ഗാൻ ആക്രമണത്തിനെതിരെ ദൃഢമായി തിരിച്ചടിക്കുക മാത്രമല്ല, അവരുടെ നിരവധി പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തു, അത് അവരെ പിൻവാങ്ങാൻ നിർബന്ധിതരാക്കി,” എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത് . എന്നാൽ പാകിസ്ഥാൻ സൈന്യത്തിന്റെ മൂന്ന് ഔട്ട് പോസ്റ്റുകൾ താലിബാൻ സൈന്യം പിടിച്ചെടുത്തതിനെ കുറിച്ച് ഷഹബാസ് ഷെരീഫ് പ്രതികരിച്ചില്ല .
“പാകിസ്ഥാന്റെ പ്രതിരോധത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. എല്ലാ ആക്രമണങ്ങൾക്കും ശക്തിയോടെയും കാര്യക്ഷമതയോടെയും മറുപടി നൽകും . പാകിസ്ഥാന്റെ സുരക്ഷ ശക്തവും കഴിവുള്ളതുമായ കൈകളിലാണ്, കൂടാതെ അതിന്റെ പ്രദേശത്തിന്റെ ഓരോ ഇഞ്ചും എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. ഏത് ബാഹ്യ ആക്രമണത്തിനും പാകിസ്ഥാന്റെ സായുധ സേന എല്ലായ്പ്പോഴും നിർണ്ണായകവും അനുയോജ്യവുമായ മറുപടി നൽകിയിട്ടുണ്ട് . മുഴുവൻ രാജ്യവും അതിന്റെ സുരക്ഷാ സേനയ്ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു’ ഷഹബാസ് ഷെരീഫ് പറഞ്ഞു.
‘ഫിത്ന-തുൽ-ഖവാരിജ്, ഫിത്ന-തുൽ-ഹിന്ദുസ്ഥാൻ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് പാകിസ്ഥാൻ പലതവണ അഫ്ഗാനിസ്ഥാനെ അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ അവർ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നു . ഈ തീവ്രവാദ സംഘടനകൾക്ക് അഫ്ഗാനിസ്ഥാനിലെ ചില ഘടകങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ, പാകിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് ഒരു തീവ്രവാദ സംഘടനയും തങ്ങളുടെ മണ്ണ് ഉപയോഗിക്കില്ലെന്ന് ഇടക്കാല അഫ്ഗാൻ സർക്കാർ ഉറപ്പാക്കുമെന്ന് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നു ‘ – ഷഹബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം 58 പാകിസ്ഥാൻ സൈനികരെ വധിച്ചതായി അഫ്ഗാൻ ഗവൺമെന്റ് മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. തങ്ങളുടെ പരമാധികാര പ്രദേശത്തിന്റെയും വ്യോമാതിർത്തിയുടെയും സുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ചുള്ളതിനുള്ള മറുപടിയായാണ് ഈ നടപടി സ്വീകരിച്ചത്. അഫ്ഗാൻ സൈന്യം 25 പാകിസ്ഥാൻ പോസ്റ്റുകൾ പിടിച്ചെടുത്തു, 58 സൈനികർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മുജാഹിദ് പറഞ്ഞു.

