ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്റു.ഒരു കൂട്ടം ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ സൈനിക കേന്ദ്രത്തിലേയ്ക്ക് ഓടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളുമുണ്ട്.
റമദാൻ നോമ്പ് തുറന്നതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനം ഉണ്ടായത് . സമീപത്തെ പ്രാദേശിക മാർക്കറ്റിലും തിരക്കുണ്ടായിരുന്നു. സ്ഫോടനത്തിന് ശേഷം കൂടുതൽ തീവ്രവാദികൾ സൈനിക കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന ആ ശ്രമം പരാജയപ്പെടുത്തി. വെടിവയ്പ്പിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന് തിരച്ചിൽ നടത്തുകയാണെന്ന് പ്രാദേശിക റെസ്ക്യൂ 1122 സർവീസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആക്രമണത്തെ അപലപിക്കുകയും “പാകിസ്ഥാന്റെ ശത്രുക്കളുടെ ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല” എന്ന് വ്യക്തമാക്കുകയും ചെയ്തു.