ഇസ്ലാമാബാദ് ; പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ വീണ്ടും സംഘർഷം . അഫ്ഗാൻ അതിർത്തിക്കടുത്ത് അടുത്തിടെയുണ്ടായ ആക്രമണങ്ങളിൽ അഞ്ച് പാകിസ്ഥാൻ സൈനികരും 25 തീവ്രവാദികളും കൊല്ലപ്പെട്ടു. സംഘർഷം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഇസ്താംബൂളിൽ സമാധാന ചർച്ചകൾ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും അഫ്ഗാനിസ്ഥാനിൽ നിന്ന് തീവ്രവാദ ഗ്രൂപ്പുകൾ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായി പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വയിലെ കുറം, വടക്കൻ വസീറിസ്ഥാൻ ജില്ലകളിലാണ് ഈ നുഴഞ്ഞുകയറ്റം നടന്നതെന്നും സൈന്യം പറയുന്നു. വളരെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന വളരെ ദുർഘടമായ പർവതപ്രദേശമാണിത്.
“അഫ്ഗാൻ സർക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അവരുടെ മണ്ണിൽ നിന്ന് ഭീകരത തടയുന്നതിൽ അവർ ഗൗരവമുള്ളവരാണോ എന്നതിനെക്കുറിച്ചും ഇപ്പോൾ ചോദ്യങ്ങൾ ഉയർന്നുവരുന്നു . സമീപകാല സംഭവങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന് കോട്ടം വരുത്തിയിട്ടുണ്ട്” ” പാകിസ്ഥാൻ സൈനിക മാധ്യമ വിഭാഗം പറഞ്ഞു.
ഇസ്താംബുൾ ചർച്ചകൾ പരാജയപ്പെട്ടാൽ, അത് തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പാകിസ്ഥാന്റെ ആരോപണങ്ങളോട് അഫ്ഗാൻ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല . എന്നാൽ “പാകിസ്ഥാന്റെ ആക്രമണങ്ങൾ അഫ്ഗാൻ പരമാധികാരത്തിന്റെ ലംഘനമാണ്” എന്ന് മുൻ പ്രസ്താവനകളിൽ താലിബാൻ വ്യക്തമാക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന ആരോപണങ്ങൾ നിരസിക്കുകയും ചെയ്തിരുന്നു.
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും മോശമായ സംഘർഷമെന്നാണ് പാക്-അഫ്ഗാൻ അതിർത്തിയിലെ സംഘർഷത്തെ വിശേഷിപ്പിക്കുന്നത്. ഏറ്റുമുട്ടലിൽ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. കാബൂളിൽ നടന്ന ബോംബാക്രമണങ്ങളോടെയാണ് സംഘർഷം ആരംഭിച്ചത്.

